Close

ചരിത്രം

“തൃശ്ശിവപേരൂർ” എന്ന പദം ലോപിച്ചാണ് തൃശ്ശൂർ എന്ന വാക്ക് ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു. പട്ടണമധ്യത്തിലെ ഉയര്‍ന്ന പ്രദേശത്തുള്ള വടക്കുംനാഥക്ഷേത്രത്തില്‍ നിന്നു വശങ്ങളിലേയ്ക്ക് താഴോട്ടു ചരിഞ്ഞിറങ്ങുന്ന ഘടനയാണ് തൃശ്ശൂര്‍ നഗരത്തിന്റേത്. പൗരാണികതയുറങ്ങുന്ന തൃശ്ശിവപേരൂര്‍പട്ടണം പുരാതനകാലത്ത് ‘വൃഷഭാദ്രിപുരം’ എന്നും ‘തെന്‍കൈലാസം’ എന്നുമൊക്കെ അറിയപ്പെട്ടിരുന്നു. പുരാതനകാലം മുതൽ തെക്കേഇന്ത്യയിലെ രാഷ്ട്രീയചരിത്രത്തിൽ തൃശ്ശൂർജില്ല സുപ്രധാനമായ പങ്കുവഹിച്ചിരുന്നു. വഞ്ചിനാട് ആസ്ഥാനമാക്കി കേരളത്തിന്റെ ഭൂരിഭാഗവും അധീനതയിലാക്കി ഭരിച്ചിരുന്ന സംഘകാലചേരരാജവംശത്തിന്റെ ചരിത്രവുമായി ഈ നഗരത്തിന്റെ പുരാതനചരിത്രം ഇഴചേര്‍ന്നുകിടക്കുന്നു. ഇപ്പോഴത്തെ തൃശ്ശൂർജില്ലയുടെ മുഴുവന്‍ഭാഗങ്ങളും അക്കാലത്ത് ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് അവസാനത്തെ പെരുമാൾ നാട്ടുരാജ്യങ്ങൾ വിഭജിച്ച് നല്കിയപ്പോള്‍ തൃശ്ശൂർ കൊച്ചിരാജ്യത്തിന്റെ (പെരുമ്പടപ്പ് സ്വരൂപം) ഭാഗമായി . പുരാതന, മധ്യകാലഘട്ടങ്ങളിൽ കേരളവും പുറംലോകവും തമ്മിലുള്ള വ്യാപാരബന്ധം വളർത്തിയെടുക്കുന്നതിൽ സുപ്രധാനപങ്കുവഹിച്ചുവെന്ന് ജില്ലയ്ക്ക് അവകാശപ്പെടാൻ കഴിയും. ജില്ലയിലെ തുറമുഖകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂര്‍ പണ്ടുമുതൽക്കേ പ്രമുഖ വാണിജ്യ-വിപണനകേന്ദ്രമായിരുന്നു. പില്‍ക്കാലത്ത് മലബാറിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച ക്രിസ്ത്യന്‍, യഹൂദര്‍, മുസ്ളിം എന്നീ മൂന്നു സമുദായങ്ങൾക്കും അഭയം നൽകി സ്വീകരിച്ച പാരമ്പര്യവും ഈ നാടിനു സ്വന്തം. ഇന്ത്യയിലെ ആദ്യത്തേതെന്നു കരുതുന്ന മുസ്ലിം പള്ളിയായ ചേരമാൻപള്ളി കൊടുങ്ങല്ലൂരില്‍ സ്ഥിതിചെയ്യുന്നു. വിശുദ്ധ തോമസ്‌‌ശ്ലീഹ സ്ഥാപിച്ചതായി പറയപ്പെടുന്ന പാലയൂർ തീർത്ഥാടനകേന്ദ്രവും അഴീക്കോട് മാർത്തോമ്മപള്ളിയും തൃശ്ശൂരിനെ പ്രശസ്തമാക്കി.

ഒൻപതാം നൂറ്റാണ്ട് മുതൽ

ഒൻപതാം നൂറ്റാണ്ട് മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലെ ജില്ലയുടെ ചരിത്രം മഹോദയപുരത്തെ കുലശേഖരന്‍മാരുടെ ചരിത്രത്തിലേയ്ക് വിരല്‍ചൂണ്ടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ക്കുള്ള ചരിത്രം പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഉദയത്തിന്റെയും വളർച്ചയുടെയും കഥ പറയുന്നു. സുദീര്‍ഘവും സംഭവബഹുലവുമായ ഈ കാലഘത്തില്‍ പെരുമ്പടപ്പ് സ്വരൂപത്തിന് മഹോദയപുരത്തിലും (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ആസ്ഥാനം ഉണ്ടായിരുന്നു, ‘ശിവവിലാസം’ പോലുള്ള ചില പുരാതനകൃതികളില്‍ ‘കേരളചക്രവർത്തി’ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ‘പെരുമ്പടപ്പ് മൂപ്പിലി’ന്റെ അധീശത്വം തെക്കന്‍കേരളത്തിലേയും മധ്യകേരളത്തിലേയും നാടുവാഴികളില്‍ പലരും അംഗീകരിച്ചിരുന്നു.യുദ്ധങ്ങളാലും പോരാട്ടങ്ങളാലും കലുഷിതമായ പതിനാല്-പതിനഞ്ച് നൂറ്റാണ്ടുകളില്‍ കോഴിക്കോട് സാമൂതിരിമാര്‍ ഇന്നത്തെ തൃശ്ശൂർജില്ലയുടെ വലിയൊരു ഭാഗം ഏറ്റെടുത്തു. പില്‍ക്കാലത്ത് ഇവിടെ ആധിപത്യം സ്ഥാപിച്ച പോർച്ചുഗീസുകാര്‍ പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദുര്‍ബലമായതോടെ യൂറോപ്യൻ ശക്തികളായ ഡച്ചുകാരും ഇംഗ്ലീഷുകാരും ഇവിടെയെത്തി. പെരുമ്പടപ്പുസ്വരൂപത്തിന്റെ ആഭ്യന്തരപ്രശ്നങ്ങള്‍ കേരളത്തില്‍ വേരൂന്നാന്‍ ഡച്ചുകാരെ സഹായിച്ചു.കൊച്ചിരാജാവ് അന്ന് താമസിച്ചിരുന്ന വടക്കേക്കരകോവിലകം സാമൂതിരി അസൂത്രിതമായി പിടിച്ചെടുത്തതിനെ തുടര്‍ന്ന് ക്രി.വ. 1750 മുതൽ 1762 വരെ തൃശ്ശൂരും വടക്കുന്നാഥക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. വടക്കേക്കരകോവിലകം (ഇപ്പോഴത്തെ ശക്തൻതമ്പുരാൻകൊട്ടാരം) ആയിരുന്നു ആ കാലത്തെ ഭരണകേന്ദ്രം. പിന്നീട് ശക്തൻതമ്പുരാൻ വരുന്നതുവരെ സാമൂതിരിമാരോടു വിധേയരായ പെരുമനം, വടക്കുന്നാഥൻ യോഗാതിരിപ്പാടുമാരുടെ കൈകളിലായി തൃശ്ശൂരിന്റെ ഭരണം. ഇക്കാലത്താണ് ടിപ്പുസുൽത്താന്റെ കേരളത്തിലെ പടയോട്ടം (1789) ഉണ്ടായത്. തൃശ്ശൂരിലേയും പ്രാന്തപ്രദേശങ്ങളിലേയും പൊതുജീവിതത്തെ സ്വാധീനിച്ച പ്രമുഖശക്തിയായിരുന്നു നമ്പൂതിരിഇല്ലങ്ങള്‍. ഈ ഇല്ലങ്ങൾ തിരഞ്ഞെടുക്കുന്ന യോഗാതിരിപ്പാടുകളായിരുന്നു അക്കാലത്ത് പെരുമനം, വടക്കുംനാഥൻ എന്നീ ദേവസ്വങ്ങളുടെ ഭരണംകയ്യാളിയിരുന്നത്. സാമൂതിരിമാരോടു വിധേയരായിരുന്ന ഇവരുടെ അധികാരം 1761ല്‍ സാമൂതിരിയുടെ പുറത്താകലിനുശേഷം കൊച്ചിരാജാവ് നിര്‍ത്തലാക്കുകയും ദേവസ്വങ്ങളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.

തൃശ്ശൂര്‍നഗരത്തിന്റെ ശില്പി

ശക്തൻതമ്പുരാന്‍-

ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് നാശനഷ്ടങ്ങളുണ്ടായ തൃശ്ശൂരിനെ പുന:രുദ്ധരിച്ചത് 1790-ൽ കൊച്ചിരാജാവായി അവരോധിക്കപ്പെട്ട രാമവർമ്മ മഹാരാജാവ് (1790-1805) ആയിരുന്നു. ‘ശക്തൻതമ്പുരാന്‍’ എന്നറിയപ്പെട്ട ഈ ഭരണാധികാരിയുടെ രംഗപ്രവേശനത്തോടെ കൊച്ചിയുടേയും ജില്ലയുടേയും ചരിത്രത്തിലെ ആധുനികകാലഘട്ടം ആരംഭിച്ചു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ പേരിനും പ്രശസ്തിക്കും കാരണമായത് ശക്തൻതമ്പുരാൻ എന്ന രാമവർമ്മ രാജാവാണ്. ‘വടക്കേക്കര കൊട്ടാരം’ എന്നറിയപ്പെട്ടിരുന്ന ശക്തൻതമ്പുരാൻകൊട്ടാരം തൃശ്ശൂർ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്നു. കേരള-ഡച്ച് ശൈലിയിലുള്ള ഈ കൊട്ടാരം 1795 ൽ ശക്തൻതമ്പുരാനാണ് പുനർനിർമിച്ചത്. ‘കൊച്ചിയുടെ സുവർണ്ണകാലഘട്ടം’ എന്നറിയപ്പെട്ടിരുന്ന ശക്തൻതമ്പുരാന്റെ ഭരണകാലത്ത് (എ.ഡി.1790-1805) ഭരണസിരാകേന്ദ്രമായിരുന്നു ‘വടക്കേച്ചിറകോവിലകം’ എന്നറിയപ്പെട്ടിരുന്ന ഈ കൊട്ടാരം. (2005 ൽ കേരളസർക്കാർ മ്യൂസിയമായി പ്രഖ്യാപിച്ച കൊട്ടാരത്തിന്റെ ഇപ്പോഴത്തെ സംരക്ഷണച്ചുമതല ആർക്കിയോളജിക്കൽഡിപ്പാർട്ടുമെന്റിനാണ്.).പതിനെട്ടാംനൂറ്റാണ്ടിന്റെ അവസാനത്തോടെ ഫ്യൂഡൽപ്രഭുത്വം ക്ഷയിക്കുന്നതിനും രാജവാഴ്ച പ്രബലമാകുന്നതിനും ശക്തൻതമ്പുരാന്റെ ഭരണം കാരണമായി. തന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ശക്തമായ ഭരണനിർവ്വഹണം നടത്തിയ രാജാവായിരുന്നു ഇദ്ദേഹം. ഫ്യൂഡൽപ്രഭുത്വത്തിനെതിരെയുള്ള നടപടികളിലൂടേയും ഭരണപരിഷ്കാരങ്ങളിലൂടേയും ശക്തന്‍തമ്പുരാന്‍ മധ്യകാലഘട്ടത്തില്‍നിന്നു കൊച്ചിരാജ്യത്തെ പുരോഗതിയുടെ ആധുനികകാലത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തി. ലോകപ്രശസ്തമായ തൃശ്ശൂർപൂരത്തിന് തുടക്കം കുറിച്ചത് ശക്തൻതമ്പുരാനാണ്.ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചിരാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു. കൊച്ചി രാജ്യത്തെ പ്രശസ്തനായ രാജാവായിരുന്ന ശക്തൻ തമ്പുരാനും ഈ കൊട്ടാരം പുനരുദ്ധരിച്ചു. ഈ കൊട്ടാരം കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. കൊട്ടാരത്തിനോട് അനുബന്ധിച്ച് ഒരു ഉദ്യാനവും സർപ്പകാവും ഉണ്ട് . കൊട്ടാരത്തിലെ ഈ ഉദ്യാനത്തോട് അനുബന്ധിച്ച് ഒരു വലിയ ചിറയുണ്ട്(കുളം). വടക്കേച്ചിറ എന്നാണ് അറിയപ്പെടുന്നത്. കഠിന വേനൽകാലത്തും വറ്റാത്ത ഈകുളം തൃശൂർ നഗരത്തിന്റെ കുടിവെള്ളപദ്ധതികളിൽ ഉൾപ്പെട്ടതാണ്. ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ കൊട്ടാരം സന്ദർശകർക്കായി തുറന്നുകൊടുക്കുന്നുണ്ട്.

.ശക്തൻ തമ്പുരാൻ കൊട്ടാരം1

ശക്തൻ തമ്പുരാൻ കൊട്ടാരം(വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചിരാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു. കൊച്ചി രാജ്യത്തെ പ്രശസ്തനായ രാജാവായിരുന്ന ശക്തൻ തമ്പുരാനും ഈ കൊട്ടാരം പുനരുദ്ധരിച്ചു. ഈ കൊട്ടാരം കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. കൊട്ടാരത്തിനോട് അനുബന്ധിച്ച് ഒരു ഉദ്യാനവും സർപ്പകാവും ഉണ്ട് . കൊട്ടാരത്തിലെ ഈ ഉദ്യാനത്തോട് അനുബന്ധിച്ച് ഒരു വലിയ ചിറയുണ്ട്(കുളം). വടക്കേച്ചിറ എന്നാണ് അറിയപ്പെടുന്നത്. കഠിന വേനൽകാലത്തും വറ്റാത്ത ഈകുളം തൃശൂർ നഗരത്തിന്റെ കുടിവെള്ളപദ്ധതികളിൽ ഉൾപ്പെട്ടതാണ്. ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ കൊട്ടാരം സന്ദർശകർക്കായി തുറന്നുകൊടുക്കുന്നുണ്ട്.

ഇരുപതാം നൂറ്റാണ്ടില്‍

ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ രാജ്യത്തുണ്ടായ ദേശീയതയുടേയും രാഷ്ട്രീയാവ ബോധത്തിന്റേയും കാഹളം തൃശ്ശൂരിലും അലയടിച്ചു. 1919-ല്‍ തന്നെ ഇൻഡ്യൻനാഷണൽ കോൺഗ്രസിന്റെ കമ്മിറ്റി തൃശ്ശൂരിൽ പ്രവർത്തിച്ചിരുന്നു. 1921 ലെ നിസ്സഹകരണപ്രസ്ഥാനത്തിൽ തൃശ്ശൂർനഗരത്തിലേയും ജില്ലയിലെ പല സ്ഥലങ്ങളിലേയും അനേകം പേര്‍ സജീവമായി പങ്കെടുക്കുകയും അറസ്റ്റുവരിക്കുകയും ചെയ്തു.തൊട്ടുകൂടായ്മയ്ക്കെതിരെയും എല്ലാവർക്കും ക്ഷേത്രപ്രവേശനത്തിനുവേണ്ടിയും രാജ്യത്തുണ്ടായ ജനമുന്നേറ്റത്തിന്റെ മുൻനിരയിൽ തൃശ്ശൂർജില്ല ഉണ്ടായിരുന്നു. കെ.കേളപ്പന്റേയും എ.കെ.ഗോപാലന്റേയും നേതൃത്വത്തിൽ നടന്ന ഗുരുവായൂർസത്യാഗ്രഹം (1931–32) ദേശീയപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ മുഹൂർത്തമാണ്. 1941 ജനുവരി 26 ന് വി.ആർ.കൃഷ്ണൻഎഴുത്തച്ഛന്റെ നേതൃത്വത്തിൽ ചെറുപ്പക്കാരായ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിലവിൽവന്ന ‘കൊച്ചിപ്രജാമണ്ഡലം’ എന്ന രാഷ്ടീയ സംഘടനയുടെ ആഹ്വാനമനുസരിച്ച് 1946 ജൂലൈ 29ന് കൊച്ചിയിൽ ഉത്തരവാദിത്വഭരണം ആവശ്യപ്പെട്ട്‌ ഉത്തരവാദിത്വദിനം ആചരിക്കപ്പെട്ടു. നിയമസഭാംഗങ്ങൾ രാജിവെയ്ക്കുകയും മന്ത്രിമാരുടെ കൗൺസിലിനെതിരെ ഉയര്‍ന്ന അവിശ്വാസപ്രമേയം വൻഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെടുകയും ചെയ്തു. ഇതേതുടർന്ന് മന്ത്രിമാർ രാജിവെച്ചു. നിയമസമാധാനവും ധനകാര്യവുമൊഴികെയുള്ള വകുപ്പുകൾ നിയമസഭ തിരഞ്ഞെടുക്കുന്ന മന്തിസഭയ്ക്ക്‌ നൽകാമെന്ന് മഹാരാജാവ്‌ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പനമ്പിള്ളി, സി.ആർ.ഇയ്യുണ്ണി, സഹോദരൻ അയ്യപ്പൻ, ടി.കെ.നായർ എന്നിവർ മുഖ്യഅംഗങ്ങളായി 1946 ല്‍ ആദ്യത്തെ ജനകീയമന്ത്രിസഭ കൊച്ചിയിൽ നിലവിൽ വന്നു.തൃശൂർജില്ലയുടെ സിംഹഭാഗവും (മലബാറിലായിരുന്ന ചാവക്കാട് ഒഴികെയുള്ള പ്രദേശങ്ങൾ) മുമ്പ് കൊച്ചിസംസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്നു. ‘കോവിലകത്തും‍വാതുക്കൽ’ എന്നറിയപ്പെട്ടിരുന്ന 10 താലൂക്കുകളാണ് കൊച്ചിയിൽ ഉണ്ടായിരുന്നത്. 1860-ൽ ഈ താലൂക്കുകൾ പുന:സംഘടിപ്പിച്ച് എണ്ണം ആറായി കുറച്ചു. 1949 ജൂലൈ-1-നു കൊച്ചിസംസ്ഥാനം തിരുവതാംകൂറുമായി സംയോജിപ്പിച്ചതോടെ തൃശ്ശൂർ തിരു-കൊച്ചിസംസ്ഥാനത്തിന്റെ ഭാഗമായി. ആറുതാലൂക്കുകളും കോട്ടയംജില്ലയുടെ ഭാഗമായ കുന്നത്തുനാട്താലൂക്കും ചേർത്ത് തൃശ്ശൂർജില്ല രൂപവത്കരിച്ചു. 1956-ൽ കേരള സംസ്ഥാനപ്പിറവിയോടെ ജില്ലയ്ക്ക് ചില മാറ്റങ്ങളുണ്ടായി. ചില താലൂക്കുകൾ പുന:സംഘടിപ്പിക്കപ്പെട്ടു. പഴയ മലബാർപ്രദേശമായിരുന്ന പൊന്നാനിതാലൂക്കിന്റെ ചില ഭാഗങ്ങൾ (ഇന്നത്തെ ചാവക്കാട് താലൂക്ക്) തൃശ്ശൂർജില്ലയോട് കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യാനന്തര കാലഘട്ടം

1947 ൽ ഇന്ത്യ ബ്രിട്ടീഷുകാരുടെ കോളനിഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. ഇന്ത്യൻയൂണിയനിൽ ചേരുന്ന ആദ്യ നാട്ടുരാജ്യമാണ് കൊച്ചി. സ്വാതന്ത്ര്യത്തിനു ശേഷം ഇ.ഇക്കണ്ടവാര്യർ കൊച്ചിയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി. ജനാധിപത്യപ്രസ്ഥാനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന മറ്റ് പ്രമുഖരായിരുന്നു കെ.പി.മാധവൻനായർ, പി.ടി.ജേക്കബ്, സി.അച്യുതമേനോൻ, പനമ്പിള്ളി ഗോവിന്ദമേനോൻ. 1949 ൽ കൊച്ചിയും തിരുവിതാംകൂറും ലയിച്ച് ‘തിരു-കൊച്ചി’സംസ്ഥാനം രൂപംകൊണ്ടു. പറവൂർ ടി.കെ.നാരായണപിള്ള ‘തിരു-കൊച്ചി’യുടെ ആദ്യത്തെ മുഖ്യമന്ത്രിയായി. 1955 ലെ സംസ്ഥാനപുന:സംഘടനാ ആക്ടിന്റെ അടിസ്ഥാനത്തിൽ 1956 നവംബർ 1ന് തിരുവിതാംകൂർ-കൊച്ചി, മലബാർ, കാസർകോട് എന്നിവ സംയോജിപ്പിച്ച് ഐക്യകേരളസംസ്ഥാനം നിലവിൽ വന്നു.