Close

പ്രധാന സ്ഥാപനങ്ങൾ

കേരളകലാമണ്ഡലം


കേരളകലാമണ്ഡലം-

ദക്ഷിണേന്ത്യയിൽ (പ്രത്യേകിച്ചും കേരളത്തിൽ) പിറവിയെടുത്ത നൃത്ത-സംഗീത-നാട്യകലാരൂപങ്ങൾ പഠിപ്പിക്കുന്നതിനുള്ള ഇന്ത്യയിലെ പ്രധാനകേന്ദ്രമാണ് കേരളകലാമണ്ഡലം. ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തിയിൽ കേരളകലാമണ്ഡലം സ്ഥിതിചെയ്യുന്നു. 1930-ൽ മഹാകവി വള്ളത്തോൾനാരായണമേനോനും മണക്കുളംമുകുന്ദരാജയും ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. 1957-ൽ കലാമണ്ഡലത്തിന്റെ ഭരണം സംസ്ഥാനസർക്കാർ ഏറ്റേടുത്ത് ഗ്രാൻഡ് ഇൻ ഗ്രേഡ് സ്ഥാപനമാക്കി. 1962 നവംബറിൽ കേരളആർട്സ്അക്കാദമിയാക്കി ഉയർത്തി. പിന്നീട് വള്ളത്തോൾഭവനം മ്യൂസിയമാക്കി മാറ്റി. 2006 ൽ കലാമണ്ഡലം കലാ-സാസ്ക്കാരിക കൽപ്പിതസർവ്വകലാശാലയാക്കി. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം, ഭരതനാട്യം എന്നീ കലകളിൽ കലാമണ്ഡലത്തിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുലസമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്. സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ കലാമണ്ഡലത്തേയും കലകളേയും പറ്റി മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി ഇവിടെ എത്തുന്നു. വിവിധ കലകളെപറ്റി പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്നതിനായി ‘ഗുരുവിനൊപ്പം ഒരു ദിവസം’ എന്ന പരിപാടി തയ്യാറാക്കിയിട്ടുണ്ട്.കലാമണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ നിർമ്മിതിയാണ് നാട്യശാസ്ത്ര വിധിപ്രകാരം നിർമിച്ച കൂത്തമ്പലം. കലാഅദ്ധ്യയനത്തിനും അക്കാദമിക്പഠനത്തിനുമുള്ള സൗകര്യം ഇവിടെ ഉണ്ട്.

കേരള കലാമണ്ഡലം,
ചെറുതുരുത്തി, തൃശ്ശൂർ ജില്ല,
കേരളം – 679 531
ഫോൺ: 91 + 4884 262418, 262562,
ഇമെയിൽ: info [at] kalamandalam[dot]org
www.kalamandalam.org


കേരള സാഹിത്യ അക്കാദമി

കേരള സാഹിത്യ അക്കാദമി-

മലയാളഭാഷയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സ്വയംഭരണസ്ഥാപനമാണ് കേരള സാഹിത്യഅക്കാദമി തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്നു. തിരുവിതാംകൂർരാജാവായ ചിത്തിരതിരുനാൾ ബാലരാമവർമ്മ തിരുവനന്തപുരത്ത് 1956 ഒക്ടോബർ 15 ന് അക്കാദമി ഉദ്ഘാടനം ചെയ്തു. 1957 സെപ്തംബറിൽ തൃശ്ശൂരിലേയ്ക്ക് അക്കാദമി മാറ്റിസ്ഥാപിച്ചു. സംസ്ഥാനസർക്കാരിന്റെ സാംസ്ക്കാരികവകുപ്പിനുകീഴിലാണ് സാഹിത്യഅക്കാദമി പ്രവർത്തിക്കുന്നത്. കവിത, നോവൽ, കഥ, നാടകം, സാഹിത്യവിമർശനം, ജീവചരിത്രം/ആത്മകഥ, സഞ്ചാരസാഹിത്യം, നർമ്മം, പരിഭാഷ, കുട്ടികളുടെ സാഹിത്യം തുടങ്ങിയ മേഖലയിലെ മികച്ച കൃതികൾക്ക് എല്ലാവർഷവും അക്കാദമി പുരസ്ക്കാരം നൽകി അംഗീകരിക്കുന്നു.

കേരള സാഹിത്യ അക്കാദമി
പാലസ് റോഡ്, തൃശ്ശൂർ,
കേരളം. പിൻ – 680 020
ഫോൺ: +91 487 2331069
ഇമെയിൽ: keralasahityaakademi [at] gmail[dot]com
www.keralasahityaakademi.org


കേരള ലളിതകലാ അക്കാദമി

കേരള ലളിതകലാ അക്കാദമി-

കേരളസർക്കാരിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ കേരള ലളിതകലാഅക്കാദമി 1962 നവംബർ 28 ന് സ്ഥാപിതമായി. ദൃശ്യ-വർണ്ണ കലാരൂപങ്ങളായ ചിത്രരചന, പെയ്‍ന്റിംഗ്, ശില്പകല, വാസ്തുവിദ്യ, ഗ്രാഫിക്സ് എന്നിവ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. അക്കാദമിയുടെ ആദ്യകമ്മിറ്റിയിൽ വിഖ്യാതചിത്രകാരൻ രാജാരവിവർമ്മയുടെ മകൻ എം.രാമവർമരാജയാണ് അദ്ധ്യക്ഷനായത്. പ്രശസ്തരായ പല വ്യക്തികളും അക്കാദമിയുടെ പ്രവർത്തനത്തിന് നേതൃത്വം വഹിച്ചിരുന്നു.

കേരള ലളിതകലാ അക്കാദമി
ചെമ്പൂക്കാവ്, തൃശ്ശൂർ – 680 020
ഫോൺ: 91 4872333773
ഇമെയിൽ: secretary[at]lalithkala[dot]org
www.lalithkala.org


കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)

കില-

1990 ൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (‘കില’). സ്ഥാപിതമായി.വികേന്ദ്രീകൃതാസൂത്രണവും തദ്ദേശഭരണവും ശക്തിപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണവകുപ്പിനുകീഴിലുള്ള സ്വയംഭരണ-പരിശീലന-ഗവേഷണ കൺസൾട്ടൻസി സ്ഥാപനമാണിത്. കിലയെ അന്താരാഷ്ട്രനയതന്ത്രമന്ത്രാലയത്തിന് കീഴിലുള്ള ഗവേഷണസ്ഥാപനമായി കേരളത്തിലെ കേന്ദ്രസർവ്വകലാശാല 2014 ജൂലൈ 14 തീയതി പ്രാബല്യത്തിൽ അംഗീകരിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനം സാധ്യമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും കിലയ്ക്ക് പ്രധാനപങ്കുണ്ട്. കേരള സർക്കാരിന്റെ പിന്തുണയുള്ള നോഡൽ ഏജൻസിയായ കില താഴെപ്പറയുന്ന ലക്ഷ്യങ്ങളിൽ പ്രതിജ്ഞാബദ്ധമാണ്.ലക്ഷ്യങ്ങൾ:കേരളത്തിലെ ഗ്രാമീണ-നഗര-തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രതിനിധികൾക്ക് വിവിധ പരിശീലനപരിപാടികൾ നടപ്പിലാക്കുക;വികേന്ദ്രീകൃത-ആസൂത്രണ പ്രക്രിയയെ ശക്തിപ്പെടുത്തുകയും ചെയ്യുക;പ്രവർത്തനാധിഷ്ഠിത ഗവേഷണപ്രവർത്തനം നടത്തുക;പ്രാദേശിക ഭരണനിർവ്വഹണത്തിന്റെ മികച്ചമാതൃകകൾ പ്രചാരണത്തിനായി ഡോക്യുമെന്റ് ചെയ്യുക;സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കുക;നയരേഖകൾ രൂപപ്പെടുത്തുക.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)
മുളങ്കുന്നത്തുകാവ്, തൃശ്ശൂർ,
കേരളം – 680 581
ഫോൺ: 0487 -220 7000
ഇമെയിൽ: info[at]kila[dot]ac[dot]in
kila.ac.in


കേരള പോലീസ് അക്കാദമി

കേരള പോലീസ് അക്കാദമി-

2004 മെയ്‍മാസത്തിൽ പ്രവർത്തനം ആരംഭിച്ച ‘കേരള പോലീസ് അക്കാദമി’ തൃശ്ശൂരിലെ രാമവർമ്മപുരത്ത് സ്ഥിതിചെയ്യുന്നു. സബ് ഇൻസ്പെക്ടർമാർ, കോൺസ്റ്റബിൾമാർ, വനിതാ കോൺസ്റ്റബിൾ, ഡ്രൈവർമാർ, ടെലികമ്മ്യൂണിക്കേഷൻ വിംഗ് കോൺസ്റ്റബിൾമാർ എന്നിവർക്കായി അക്കാദമി മുഴുവൻസമയപരിശീലനം നടത്തുന്നു. വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥർക്കായി ഹ്രസ്വകാല കോഴ്സുകളും ഇൻ-സർവീസ് കോഴ്സുകളും നടത്തുന്നുണ്ട്. 220 ലക്ഷം രൂപ ചെലവിൽ 348 ഏക്കർ പ്രദേശത്ത് നിർമ്മിച്ച അക്കാദമിയിൽ 7.5 ഏക്കറിലധികം പ്രധാന പരേഡ്‍മൈതാനവും 3.5 ഏക്കറോളം വരുന്ന സ്പോർട്സ്‍കോംപ്ലക്സും 300 യാർഡ് ഫയറിംഗ്റേഞ്ചും സ്ഥിതിചെയ്യുന്നു. 1,950 വിവിധ ട്രെയിനികളുടെ (1,500 കോൺസ്റ്റബിൾ, 400 ഓഫീസർമാർ, 50 വനിതാ കോൺസ്റ്റബിൾ) പരിശീലനം ഒരേ സമയം ഇവിടെ നടത്താനാവും. അക്കാദമിയിൽ 1200 പേർക്ക് ഒരേസമയം ഇൻഡോർപരിശീലനം നൽകാൻ സാധിക്കും. ഇവിടെയുള്ള മോട്ടോർവാഹന പരിശീലനകേന്ദ്രത്തിൽ ഒരേസമയം 300 ഡ്രൈവർമാരെ പരിശീലിപ്പിക്കാം. 18 നായ്ക്കളെ പരിശീലിപ്പിക്കാൻ കഴിയുന്ന പോലീസ്‍നായപരിശീലനകേന്ദ്രവും അക്കാദമിയിലുണ്ട്.

കേരള പോലീസ് അക്കാദമി, മണ്ണുംകാട്,
ഇൻസ്പെക്ടർ ജനറൽ ഓഫ് ട്രെയിനിംഗ് & ഹെഡ് ,
രാമവർമ്മപുരം, തൃശ്ശൂർ, കേരളം 680 631
ഫോൺ: 0487 -232 8770
www.keralapoliceacademy.gov.in


വിജ്ഞാൻ സാഗർ സയൻസ് ആൻഡ് ടെക്നോളജി പാർക്ക്

വിജ്ഞാൻ സാഗർ സയൻസ് ആൻഡ് ടെക്നോളജി പാർക്ക്-

തൃശൂർ ജില്ലയിലെ ശാസ്ത്ര സാങ്കേതിക മേഖലയിൽ വികസനത്തിന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനായി ‘വി‍‍ജ്‍ഞാൻസാഗർ’ സയൻസ് ആന്റ് ടെക്നോളജി പാർക്ക് 2017 ആഗസ്ത് 31 ന് ഉദ്ഘാടനം ചെയ്‍തു. തൃശ്ശൂരിലെ രാമവർമ്മപുരത്താണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഐ എസ് ആർ ഒ സ്പേസ് പവലിയൻ, സ്പേസ് എക്സ്പ്ലോറിയം, സയൻസ്‍ ലാബ്, ഇലക്ട്രോണിക്സ് ലാബ് കം സ്മാർട്ട്ക്ലാസ്റൂം എന്നിവയാണ് ഇവിടുത്തെ പ്രധാന ഘടകങ്ങൾ. ശാസ്ത്രസാങ്കേതികമേഖലയിലെ ഉയർന്ന അറിവുകൾ പകർന്നുനൽകുന്നകേന്ദ്രമാണിത്. പ്രായോഗിക പരീക്ഷണങ്ങളിലൂടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ അറിവ് നൽകാൻ ഈ സ്ഥാപനം വഴിയൊരുക്കുന്നു. സംസ്ഥാന/ദേശീയ/അന്തർദേശീയ വർക്ക്ഷോപ്പുകൾ, പ്രദർശനങ്ങൾ, മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ കഴിയുന്നവിധത്തിൽ അധ്യാപകരേയും വിദ്യാർത്ഥികളേയും പ്രാപ്തരാക്കുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസം ലഭ്യമാകാത്ത പ്രതിഭാശാലികൾക്കും തങ്ങളുടെ നൂതന ആശയങ്ങളും കണ്ടുപിടുത്തങ്ങളും വികസിപ്പിച്ചെടുക്കാൻ വി‍‍ജ്‍ഞാൻസാഗർ വേദിയൊരുക്കുന്നു. ശാസ്ത്രസാങ്കേതിക സെമിനാറുകൾ, ശാസ്ത്രമേളകൾ, ശാസ്ത്രമത്സരങ്ങൾ എന്നിവ നടത്തുന്നതിന് ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

വി‍‍ജ്‍ഞാൻസാഗർ സയൻസ് ആൻഡ് ടെക്നോളജി പാർക്ക്
രാമവർമ്മപുരം, തൃശ്ശൂർ, കേരളം 680631
ഫോൺ : 0487-2330800
ഇമെയിൽ :vijnansagar[at]gmail[dot]com
www.thrissurdp.lsgkerala.gov.in