Close

സാമ്പത്തികം

കേരളത്തിന്റെ സാംസ്കാരികതലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂർ ദക്ഷിണേന്ത്യയിലെ പ്രധാന സാമ്പത്തിക-വ്യാപാരകേന്ദ്രം കൂടിയാണ്. സ്വർണ്ണം, വൈരക്കൽവ്യവസായം, തുണിവ്യവസായം, ചിട്ടി, ബാങ്കിങ്ങ്, നോൺ-ബാങ്കിങ്ങ് ബിസിനസുകൾക്ക് പ്രശസ്തമാണ് തൃശ്ശൂർ. തൃശ്ശൂർ ഇന്ത്യയിലെ സുവർണ്ണനഗരം കൂടിയാണ്. കേരളത്തിൽ പ്രതിദിനം നിർമ്മിക്കുന്ന സ്വർണ്ണാഭരണങ്ങളിൽ 70 ശതമാനവും ഇവിടെയാണ്. കമ്പനിരജിസ്ട്രാറുടെ കണക്കു പ്രകാരം 2010 ജനവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ 87 കമ്പനികൾ തൃശ്ശൂർനഗരത്തിൽ രജിസ്റ്റർ ചെയ്യുകയും കേരളത്തിൽ കൊച്ചിക്കു പിന്നിൽ രണ്ടാംസ്ഥാനം നേടുകയും ചെയ്തു. മികച്ച സംരംഭകത്വവും സാമ്പത്തികശേഷിയുമാണ് തൃശ്ശൂരിനെ ഉന്നതിയിലെത്തിച്ചത്.വ്യവസായങ്ങൾ, വ്യാപാരം, ഫിനാൻസിങ് എന്നിവയാണ് തൃശ്ശൂരിന്റെ സമ്പദ്‍വ്യവസ്ഥയുടെ അടിസ്ഥാനം. തുണിവ്യവസായം, തടി-ഫ‍ർണിച്ചർ, കയർ, മത്സ്യബന്ധനവ്യവസായങ്ങൾ, കൃഷി അടിസ്ഥാനത്തിലുള്ള വ്യവസായങ്ങൾ,ഓട്ടുകമ്പനി തുടങ്ങിയവ തൃശ്ശൂരിൽ കാണപ്പെടുന്നു. തൃശ്ശൂരിന്റെ സമ്പദ്വ്യവസ്ഥയിൽ വിനോദസഞ്ചാരമേഖലയും പ്രധാന പങ്കുവഹിക്കുന്നു.

ചില്ലറവ്യാപാരം

കേരളം ഉപഭോകൃതസംസ്ഥാനം ആയാണ് അറിയപ്പെടുന്നത്. തൃശ്ശൂരും ഈ ഗണത്തിൽപ്പെടുന്നു. ചില്ലറവ്യാപാരം(റീട്ടെയിൽബിസിനസ്) ജില്ലയിലെ വലിയ ബിസിനസും നഗരത്തിലെ പ്രധാന വരുമാനസ്രോതസ്സുമായി കണക്കാക്കുന്നു. ജുവല്ലറി, ടെക്സ്റ്റൈൽ ചില്ലറവ്യാപാരം ഇവിടെ സജീവമാണ്. ആഭരണങ്ങളുടേയും ടെക്സ്റ്റൈൽവ്യവസായത്തിന്റേയും ദക്ഷിണേന്ത്യയിലെ പ്രധാനകേന്ദ്രങ്ങളിലൊന്നായി തൃശ്ശൂർ മാറിയിട്ടുണ്ട്. പ്രമുഖ ജ്വല്ലറി-ടെക്സ്റ്റൈൽ ഗ്രൂപ്പുകളിൽ ഭൂരിഭാഗവും തൃശ്ശൂരിൽ ഔട്ട്‍ലെറ്റുകൾ സ്ഥാപിക്കുകയും ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നൽകുകയും ചെയ്തുവരുന്നു.

ഓട് വ്യവസായം

തൃശ്ശൂരിലെ പ്രധാന വ്യവസായങ്ങളിലൊന്നായ കളിമൺവ്യവസായം (ടൈൽവ്യവസായം) നിരവധി പേർക്ക് തൊഴിൽ നൽകുന്ന മേഖലയാണ്. ഇവിടുത്തെ ടൈൽവ്യവസായത്തിന് 100 വർഷത്തിലേറെ പാരമ്പര്യമുണ്ട്. തൃശ്ശൂരിൽ 160 ഓളം ടൈൽഫാക്ടറികൾ ഇപ്പോൾ പ്രവർത്തിക്കുന്നു. പുതുക്കാട്, ഒല്ലൂർ, ആമ്പല്ലൂർ,തലോർ, കരുവനൂർ എന്നിവയാണ് തൃശ്ശൂരിലെ ടൈൽവ്യവസായത്തിന്റെ പ്രധാനകേന്ദ്രങ്ങൾ. ടൈൽസിന്റെ ഗുണനിലവാരവും ഉത്പാദനവും മെച്ചപ്പെടുത്താൻ ഇവിടെ ഇറ്റാലിയൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിവരുന്നു.