Close

സംസ്കാരവും പൈതൃകവും

ചരിത്രപരവും സാംസ്കാരികവുമായി സവിശേഷപൈതൃകമാണ് തൃശ്ശൂരിനുള്ളത്. ഭാരതീയപാരമ്പര്യത്തോടൊപ്പം യൂറോപ്യൻ, അറബ് സംസ്ക്കാരങ്ങളും മധ്യകാലഘട്ടത്തിലും കൊളോണിയൽകാലഘട്ടത്തിലും തൃശ്ശൂരിനെ സ്വാധീനിച്ചിട്ടുണ്ട്. കേരളസംഗീതനാടക അക്കാദമി, കേരളസാഹിത്യഅക്കാദമി, കേരളലളിതകലാഅക്കാദമി, കേരളകലാമണ്ഡലം, ഉണ്ണായിവാര്യർസ്മാരകം തുടങ്ങി നിരവധി പ്രശസ്തസ്ഥാപനങ്ങൾ തൃശ്ശൂരിന്റെ സാംസ്ക്കാരികപ്രൗഢിക്ക് മിഴിവേകുന്നു. ഉത്സവങ്ങളുടേയും കലാ-സാംസ്കാരിക കൂട്ടായ്മയുടേയും ഈറ്റില്ലം കൂടിയാണ് തൃശ്ശൂർ. ലോകത്തിലെതന്നെ ഏറ്റവും ചേതോഹരമായ ദൃശ്യ-ശ്രാവ്യവിസ്മയങ്ങളിലാന്നാണ് മേടമാസത്തിലെ പൂരംനാളിൽ നടക്കുന്ന തൃശ്ശൂർ പൂരം.

തൃശ്ശൂർ പൂരം

പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് തൃശൂർ പൂരം. കൊച്ചിരാജാവായിരുന്ന ശക്തന്തമ്പുരാനാണ് തുടക്കം കുറിച്ച തൃശ്ശൂര് പൂരത്തിന് 200 വര്ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. മേടമാസത്തിലെ പൂരംനക്ഷത്രത്തിലാണ് തൃശ്ശൂര്പൂരം ആഘോഷിക്കുന്നത്.പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്.

പുലിക്കളി

കേരളത്തിലെ തനതായ കലാരൂപമാണ് പുലിക്കളി അഥവാ കടുവക്കളി . അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട് തൃശ്ശൂരിലെ പുലിക്കളിക്ക്. പുലിവേഷം കെട്ടുന്നവരുടെ വ്യത്യസ്തതയും കാഴ്ചക്കാരുടെയും ബാഹുല്യവും കൊണ്ട് പ്രശസ്തമായ ഈ കലാരൂപം 4-ാം ഓണനാളിലാണ് അരങ്ങേറുന്നത്.കുടവയറുള്ളവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന ലോകത്തിലെ ഒരേയൊരു മത്സരകലാരൂപമാണ് തൃശ്ശൂരിലെ പുലിക്കളി.

ബോൺ നത്താലെ

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ പൗരാവലിയുടെ സഹകരണത്തോടെ തൃശ്ശൂർ അതിരൂപത സ്വരാജ് റൗണ്ടിൽ സംഘടിപ്പിക്കുന്ന വർണാഭമായ ഘോഷയാത്രയാണ് ‘ബോൺ നത്താലെ’.ആയിരത്തോളം സാന്താക്ലോസുമാരും ഫ്ലോട്ടുകളും നിശ്ചലദൃശ്യങ്ങളുമായി ബോണ്‍ നത്താലെ പൂരനഗരിയെ വലംവെക്കുന്നത് മനോഹരമായ കാഴ്ചയാണ്.

കൊടുങ്ങല്ലൂര്‍ ഭരണി

തൃശ്ശൂര്‍ജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള ശ്രീകുരുംബഭഗവതിക്ഷേത്രത്തിലെ പ്രധാന ആഘോഷമാണ് കൊടുങ്ങല്ലൂര്‍ ഭരണി. മലയാളമാസമായ മീനത്തിൽ ഇത് നടക്കുന്നു. ചെമ്പട്ടണിഞ്ഞ ആയിരക്കണക്കിന് കോമരങ്ങൾ പള്ളിവാളും കാൽച്ചിലമ്പുമായി ഇതിൽ അണിചേരുന്നു.കാവുതീണ്ടല്‍, മന്ത്രതന്ത്രാദികള്‍ ഇല്ലാത്ത കൊടിയേറ്റം, കോഴിക്കല്ല് മൂടല്‍, പാലക്കവേലന്‍ എന്ന മുക്കുവന്റെ ചടങ്ങുകള്‍ എന്നിവയാണ് അനുഷ്ഠാനങ്ങള്‍.